കിട്ടാത്ത കത്തുകള്‍
തണുത്ത പ്രഭാതത്തിലെ
തലവഴി മൂടിയ പുതപ്പ്.
നിലം‌പതിപ്പുഴ.
ഇറ്റിവീഴാന്‍ വിങ്ങിയ പുല്‍ത്തേന്‍.
വീട്ടിക്കുന്നിറങ്ങി വരുന്ന വികൃതിക്കുളിര്‍.
തെങ്ങോലത്തലപ്പിലെ വെയില്‍ക്കിളി.
കുമ്പന്‍ മല മുത്തി പറയന്മാടും കടന്ന്
പനഞ്ചോലയില്‍ നീന്തിത്തുടിച്ച്
ഈറന്‍ മാറി വന്ന്
കെട്ടിപ്പിടിച്ചൊരുമ്മ തന്നോടിപ്പോവുന്ന
മഴത്തുള്ളി.

കിട്ടിയ കത്തുകള്‍
കടല്‍ക്കൊതി
തീരം തിന്നും ഭ്രാന്തന്‍ തിര.
കനല്‍‌വയലില്‍
നിഴലില്ലാപ്പൊത്തില്‍
അടയിരിക്കും തീപക്ഷി.
കടന്നുപോയ കാല്പടങ്ങള്‍
കരുണയില്ലാതെ മായ്ച്ചു കളയുന്ന
പൊടിക്കാറ്റ്.
പക്ഷേ ഒന്നുണ്ട്.
കിട്ടാക്കത്തുകളിലെ ഇല്ലാവരികളിലും
കിട്ടിയ കത്തുകളിലെ ഇല്ലായ്മകളിലും
തീര്‍ച്ചയായും ഒരു പക്ഷിമണം
പതിയിരിപ്പുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ